സൈക്കിൾ
എ നിക്കോർമ്മ വച്ച നാൾമുതൽക്കേ എന്റെ അച്ഛന്റെ കയ്യിൽ ഒരു പഴയ മോഡൽ ഹെർക്കുലീസ് സൈക്കിൾ ഉണ്ടായിരുന്നു. നല്ല ഉയരവും അതിനൊത്ത വണ്ണവുമുള്ള ഒരു കരുത്തൻ. അച്ഛൻ രാവിലെ ജോലിക്കു പോകുന്നതും വൈകീട്ട് തിരിച്ചു വരുന്നതുമൊക്കെ അതിലായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോൾ വീടിന്റെ മുറ്റത്തേക്കു കയറുന്നതിനു മുൻപ് തന്നെ തന്റെ സൈക്കിളിന്റെ മണി അച്ഛനൊന്ന് നീട്ടി മുഴക്കും.”റ്റിംഗ് ടോങ് …റ്റിംഗ് ടോങ്” അതു കേട്ട് എവിടെയായിരുന്നാലും ഞാനും പെങ്ങളും അച്ഛന്റെയടുത്തേക് ഓടി വരും . കാരണം വേറെ ഒന്നുമല്ല , അച്ഛന്റെ കയ്യിൽ ചെറിയൊരു ഭക്ഷണപൊതി കാണും . അഥവാ ശനിയാഴ്ചയാണെങ്കിൽ ഒപ്പം ഒരു കഥാപുസ്തകവും കൊണ്ടു വന്നിട്ടുണ്ടായിരിക്കും. അങ്ങനെയാണെങ്കിൽ പുസ്തകത്തിനു വേണ്ടി ഒരു മൽപിടിത്തം തീർച്ചയാണ്. ഞങ്ങളുടെ ആ ചെറിയ തല്ലുകൂടൽ ആസ്വദിച്ചിരുന്നതിനാലാവണം തൻ്റെ സൈക്കിളിന്റെ മണിശബ്ദം മുഴക്കുന്ന ശീലം അച്ഛനൊരിക്കലും വിസ്മരിച്ചിരുന്നതായി ഞാൻ ഓർക്കുന്നില്ല. ഞാൻ സൈക്കിൾ ചവിട്ടാൻ പഠിച്ചു തുടങ്ങിയതും അതേ ഹെർക്കുലീസിലാണ്. പക്ഷെ നന്നേ ചെറുതായിരുന്ന എനിക്ക് കീഴടക്കാൻ കഴിയുന്നതിലും വലുതായിരുന്നു ആ ഭീകരൻ . ചില സൂത്രപ്പണികളൊക്കെ കാണിച്ചായിരുന...