സൈക്കിൾ
ഞാൻ സൈക്കിൾ ചവിട്ടാൻ പഠിച്ചു തുടങ്ങിയതും അതേ ഹെർക്കുലീസിലാണ്. പക്ഷെ നന്നേ ചെറുതായിരുന്ന എനിക്ക് കീഴടക്കാൻ കഴിയുന്നതിലും വലുതായിരുന്നു ആ ഭീകരൻ . ചില സൂത്രപ്പണികളൊക്കെ കാണിച്ചായിരുന്നു ഞാനത് ചവിട്ടിയിരുന്നത്.” ഇടം കാലിട്ട് ചവിട്ടൽ “എന്നാണ് ആ അഭ്യാസത്തെ ഞങ്ങൾ വിളിക്കുന്നത് . എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെ ചവിട്ടുന്നത് അത്യധ്വാനം വേണ്ട ഒരേർപ്പാടായിരുന്നു. എന്നാൽ തന്നെയും , അതു ചവിട്ടി കടയിൽ പോകാനും മറ്റും ഞാൻ അശേഷം മടി കാണിച്ചിരുന്നില്ല. ഒരിക്കലെങ്ങനെ അഭ്യാസം കാണിച്ച് ഞാൻ സൈക്കിളിൽ നിന്നും വീണു. അന്ന് ആ ഭീകരന്റെ പിടിഭാഗം എന്റെ പള്ളക്ക് ഒരു മുട്ടൻ ഇടി വച്ചു തന്നു .അതിൽ പിന്നെ അഭ്യാസങ്ങൾ കാണിക്കാൻ ഈ എളിയ സർക്കസുകാരനെ സ്നേഹസമ്പന്നരായ വീട്ടുകാർ അനുവദിച്ചിട്ടില്ല . സത്യത്തിൽ അന്ന് ഞാനും അവനും തമ്മിലടിച്ചു പിരിയുകയായിരുന്നു എന്നും പറയാം.
എന്നാലും സൈക്കിളും ഞാനുമായുള്ള പ്രണയത്തിനു ഒരയവും വന്നില്ലായിരുന്നു .എൽ പി ക്ലാസ്സുകളിൽ നിന്നും യു പി ക്ലാസ്സുകളിലേക് മാറിയപ്പോഴും എന്റെ സൈക്കിൾ പ്രേമം തുടർന്ന് പൊന്നു . എ എക്സ് എൻ എന്നു പേരുള്ള ചുവപ്പു നിറമുള്ള സുന്ദരൻ ആയിരുന്നു അന്നൊക്കെ എന്റെ സ്റ്റാർ. അപൂർവം ചില കുട്ടികൾക്കൊക്കെ ഇവൻ സ്വന്തമായിട്ടുണ്ടായിരുന്നു. ഇവന്റെ ചുമലിൽ കയറി മുൻ ചക്രം പൊന്തിച്ചും മണലിൽ വൃത്തം വരച്ചുമൊക്കെ അവർ കാണിച്ചിരുന്ന അഭ്യാസങ്ങൾ കൊതിയോടെ നോക്കി നിൽക്കുക എന്റെ ഒരു ഹോബിയായിരുന്നു. കിട്ടിയപ്പോഴൊക്കെ ഞാനും ഒരു കൈ നോക്കി.
അങ്ങനെ അത്യാവശ്യം നല്ല രീതിയിൽ സൈക്കിൾ ചവിട്ടാനും അതോടൊപ്പം തന്നെ ചില്ലറ അഭ്യാസങ്ങൾ കാട്ടാനും ഞാൻ പഠിച്ചെടുത്തു .
ഹൈസ്കൂളിൽ എത്തിയപ്പോഴേക്കും എന്റെ ഒരു മാതിരി കൂട്ടുകാരൊക്കെ ചുവന്ന സുന്ദരനെ കൈക്കലാക്കിയിരുന്നു. എന്നോട് സൈക്കിൾ വേണമോയെന് അച്ഛൻ ചോദിച്ചപ്പോൾ ഇപ്പോൾ വേണ്ട.. പിന്നീട് മതി എന്നു ഞാൻ മറുപടി പറഞ്ഞു . അങ്ങനെ പറയണമെന്ന് എവിടെയോ വായിച്ചിരുന്നതായി ഞാൻ ഓർക്കുന്നു. ഫലമോ? ക്ലാസ്സിൽ സൈക്കിൾ ഇല്ലാത്ത വളരെ ചുരുക്കം പേരിൽ ഒരാളായി ഞാൻ മാറി. വൈകുന്നേരം സ്കൂൾ വിട്ട് നടന്നു വരുമ്പോൾ സൈക്കിളിൽ പോകുന്നവരോട് എനിക്കസൂയയും തോന്നി തുടങ്ങി.
ഒരിക്കൽ ഞാൻ എന്റെ ക്ലാസ്സിലെ ഒരു വികൃതിക്കുട്ടന്റെ സൈക്കിളിൽ കയറി. അവൻ എന്നെയും കൊണ്ട് ഒരു നൂറേ നൂറിൽ ഒറ്റ പോക്ക്. കഷ്ടകാലത്തിനു സൈക്കിൾ ഒരു കുഴിയിൽ ചാടി . പുറകിലിരുന്ന ഞാൻ തെറിച്ച റോഡിലേക്ക് വീണു . അതോടൊപ്പം തന്നെ എന്റെ ബാഗിന്റെ ഏതോ വള്ളി സൈക്കിളിൽ കുടുങ്ങുകയും ചെയ്തു. പിന്നെ പറയണ്ടല്ലോ…ഒരാഴ്ചയോളം ഞാൻ വീട്ടിലടക്കം പാന്റ്സ് മാത്രമാണിട്ടത്.
എങ്ങനെയും ഒരു സൈക്കിൾ വാങ്ങിപ്പിക്കാനുള്ള കുടുക്ക് ബുദ്ധികൾ ആലോചിച്ചു നടക്കവേ , ടി വിയിൽ കണ്ട ഒരു സൈക്കിൾ കമ്പനിയുടെ പരസ്യം എന്നെ വളരെ അധികം ആകര്ഷിക്കുകയുണ്ടായി. സൈക്കിൾ ഇല്ലാത്ത ഒരു കുട്ടി അതിന്റെ ടയർ ഉരുട്ടി കളിക്കുന്നതും അതു കണ്ട സങ്കടം വരുന്ന അച്ഛൻ സൈക്കിൾ വാങ്ങി കൊണ്ടുക്കുന്നതുമായിരുന്നു അതിന്റെ ഉള്ളടക്കം. ഇതു കണ്ട് ഒരു ടയർ കഷ്ടപ്പെട്ടു സങ്കടിപ്പിച്ച് അതുമായി അച്ഛന്റെ മുന്നിലൂടെ പലപ്രാവശ്യം ഞാൻ ഓടിച്ചു നടന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല! എന്തെന്നാൽ അച്ഛൻ ആ പരസ്യം കണ്ടിട്ടുണ്ടായിരുന്നില്ല.
മറ്റൊരു ദിവസം ഞാൻ സൈക്കിൾ ഉള്ള എന്റെ കൂട്ടുകാരെ ഒന്നു വെല്ലുവിളിക്കുക പോലുമുണ്ടായി . അവരെക്കാൾ വേഗത്തിൽ എനിക് ഓടി പോകാൻ പറ്റുമെന്ന്. എന്നിട്ട് ഒറ്റയോട്ടം. അവരാകട്ടെ എന്റെ തൊട്ടു പിറകെയും. തോറ്റു കൊടുക്കാൻ മനസ്സ് അനുവദിക്കാഞ്ഞ കൊണ്ടാവണം .ഭാരമേറിയ ബാഗ് തൂക്കി ഓടിയിട്ടും ഞാൻ തന്നെ ആ പന്തയത്തിൽ ജയിച്ചു. ഫിനിഷിങ് പോയിന്റ് ആയ ബണ്ട് പാലത്തിൽ എത്തി കിതച്ചു തുപ്പികൊണ്ട് ഞാൻ പിറകെ വരുന്ന പരാജിതരോട് വിളിച്ചു പറഞ്ഞു…..”ജയിച്ചേ!!!!”
ഞാൻ പത്താം തരത്തിൽ പഠിക്കുന്ന സമയം എന്റെ വല്യച്ഛൻ ഒരു നീല എ എക്സ് എൻ സൈക്കിളുമായി വീട്ടിൽ വന്നു.എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പോകാൻ നേരം അത് എനിക്കാണെന്നു പറഞ്ഞ് വീട്ടിൽ വച്ചിട്ട് പോവുകയും ചെയ്തു . അന്ന് വൈകുന്നേരം അവനെയും കൊണ്ട് എന്റെ വീടിനു മുന്നിലെ പാതകളിലൂടെ ഞാൻ കാറ്റിനേക്കാൾ വേഗത്തിൽ പറന്നു നടന്നു . അച്ഛന്റെ മുന്നിലൂടെ , കൂട്ടുകാരുടെ മുന്നിലൂടെ...ഒരു വീരനായകനെപ്പോലെ ... ഒരുപാട് നാളത്തെ കാത്തിരിപ്പിന്റെ സുഖം ഞാനന്ന് ശരിക്കുമറിയുകയായിരുന്നു...
പക്ഷെ സത്യത്തിൽ അന്നത്തോടെ എന്റെ സൈക്കിൾ പ്രേമം അവസാനിക്കുകയായിരുന്നു ; ഒപ്പം ഈ കഥയും. എന്നാലും ഇതു കൂടി കൂട്ടിച്ചേർത്തു കൊള്ളട്ടെ…”ഇന്ന് ഞാൻ ബസ് സ്റ്റോപ്പിലേക് നടന്നാണ് പോയത്. സൈക്കിൾ വീട്ടിൽ മഴ നനഞ്ഞ കിടപ്പുണ്ട്. ചെയിൻ കേടായപ്പോൾ നന്നാക്കാൻ മടിയായതു കാരണം ഞാനതെങ്ങനെ ഇട്ടിരിക്കുകയാണ്. കാലം എന്നെ എത്രത്തോളം മാറ്റിയിരിക്കുന്നു…
ഒരുപാട് സ്നേഹത്തോടെ,
വി.പി.സി

Comments
Post a Comment